ന്യൂഡൽഹി: സബ്സിഡി പാചക വാതക സിലിണ്ടര്‍ (എല്‍പിജി) വാങ്ങുന്നവര്‍ക്ക് പുതിയ നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഈ മാസം 30നകം കെവൈസി പൂർത്തിയാക്കണമെന്ന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് മന്ത്രാലയം അറിയിച്ചു.
ഒക്ടോബര്‍ മുതല്‍ സബ്സിഡി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പരിശോധന പൂര്‍ത്തിയാക്കിയിരിക്കണം. വ്യാജ കണക്ഷനുകളും അനര്‍ഹരായ ഉപഭോക്താക്കളെയും കണ്ടെത്തുന്നതിനും സബ്സിഡി സിലിണ്ടറുകള്‍ വാണിജ്യ-വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയുന്നതിനുമാണ് നീക്കം.
ആധാര്‍ ബയോമെട്രിക് വെരിഫിക്കേഷന് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തവര്‍ക്കോ അതിന് താത്പര്യമില്ലാത്തവര്ക്കോ പാചകവാതകം തുടര്‍ന്നും ലഭ്യമാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ഉപഭോക്താക്കള്‍ക്ക് സബ്സിഡി ഇല്ലാതെ വിപണി വിലയിലായിരിക്കും ഗ്യാസ് വിതരണം ചെയ്യുക. ലഭ്യതയ്ക്ക് അനുസൃതമായി അഞ്ച് കിലോഗ്രാം, 10 കിലോഗ്രാം സിലിണ്ടറുകളാകും ഇവര്‍ക്ക് നല്‍കുകയെന്നും മന്ത്രാലയം അറിയിച്ചു.
27.43 കോടി സബ്സിഡി ഉപഭോക്താക്കള്‍ക്ക്
സെപ്റ്റംബര്‍ 19 വരെയുള്ള കണക്കു പ്രകാരം പ്രധാനമന്ത്രി ഉജ്വൽ യോജന പ്രകാരം 27.43 കോടി ഉപഭോക്താക്കള്‍ക്കാണ് സബ്സിഡി നിരക്കില്‍ എല്‍പിജി സിലിണ്ടറുകള്‍ ലഭിക്കുന്നത്.
ഇതില്‍ 89.9% പേരും ആധാര്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനോടകം ബയോമെട്രിക് പരിശോധന നടത്തിയവര്‍ക്ക് സാധാരണ പോലെ സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ കഴിയുമെന്നും മന്ത്രാലയം അറിയിച്ചു.
ഇ-കെവൈസി പൂർത്തിയാക്കാൻ
വീട്ടില്‍: ബന്ധപ്പെട്ട എണ്ണ വിപണന കമ്പനിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് സ്വയം കെവൈസി പൂര്‍ത്തിയാക്കാം.
ആപ്പുകൾ
ഇന്‍ഡേന്‍: IndianOil ONE
ഭാരത് ഗ്യാസ്: HelloBPC
എച്ച്പി ഗ്യാസ് : HP PAY
ഷോറൂമില്‍: നേരിട്ട് ഗ്യാസ് ഏജന്‍സി ഷോറൂമില്‍ ചെന്ന് പരിശോധന പൂര്‍ത്തിയാക്കാം.
ഡെലിവറി സമയത്ത്: സിലിണ്ടര്‍ വീട്ടിലെത്തിക്കുമ്പോള്‍ ഡെലിവറി ജീവനക്കാരന്റെ കൈവശമുള്ള ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനിയുടെ മൊബൈല്‍ ആപ്പ് വഴി ബയോമെട്രിക് പരിശോധന നടത്താം.